Monday, May 25, 2015






സെല്‍ഫിസം

ഉള്ളില്‍ സെല്‍ഫിസം പിറുപിറുത്തു. ഇരയെത്തേടി സെല്‍ഫി പുറത്തിറങ്ങി. അപകടങ്ങള്‍ക്കൊന്നും ഇപ്പോള്‍ വേണ്ടത്ര ലൈക്ക് വീഴുന്നില്ല. ഇനി പിടിച്ചു നില്‍ക്കാന്‍ ഒരു വറൈറ്റി ഒക്കെ വേണം. വല്ലവന്റെയും പോസ്റ്റ് അടിച്ചുമാറ്റി സ്റ്റാമ്പൊട്ടിച്ചിരുന്നു കാലം കഴിഞ്ഞു. ഇപ്പോ എല്ലാത്തിനും പേറ്റന്റാണ്. 
****
ഹോട്ടലിന്റെ അടുക്കള ഭാഗത്ത് ഇരിക്കുന്ന യാചകന് നേരെ ഫോക്കസ് ചെയ്തു. തൊട്ടപ്പുറത്ത് കുറച്ച് ഭക്ഷണ വേസ്റ്റ് കൂട്ടിയിട്ടിട്ടുണ്ട്. ഇന്നത്തെ കാര്യം കുശാല്‍. അത്യാവശ്യം ലൈക്കിനുള്ള വകയായി. 
***
മനസ്സില്‍ തിരക്കഥ എഴുതി. അടിക്കുറിപ്പ് റെഡി. വിശന്നു വലഞ്ഞ യാചകന്‍ മാലിന്യത്തില്‍ നിന്ന് അന്നം കണ്ടെത്തുന്നു. (ഫോട്ടോ..).. അയാള്‍ ഇരിക്കുന്ന സ്ഥലത്ത് വെളിച്ചം കുറവാണ്. ഫോട്ടോ ക്ലിയറില്ലെങ്കില്‍ എഡിറ്റിംഗ് ശരിയാവില്ല. ഹാ.. ഫോട്ടോഷോപ്പ് വെച്ച് അഡ്ജസ്റ്റ് ചെയ്യാം..
***  
കാമറ ഓണാക്കി പിടിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് നേരം കൂറെയായി. 
ഇയാള്‍ക്ക് വിശക്കുന്നില്ലേ.. ഇയാള്‍ക്ക് കുറച്ച് വെളിച്ചമുള്ള സ്ഥലത്തേക്ക് നീങ്ങി ഇരുന്നാലെന്താ..!
ഉള്ളില്‍ ഷെല്‍ഫി മുരണ്ടു. 
ഫോണിലെ ബാറ്ററി വിശപ്പറിയിച്ചു തുടങ്ങി.. 
***
റോഡ് ക്രോസ് ചെയ്ത് തെക്ക് ഭാഗത്ത് നിന്നാണ് കുട്ടി ഓടിവന്നത്. ഒരു പത്ത് പന്ത്രണ്ട് വയസ്സ് കാണും. കയ്യില്‍ ഒരു പൊതി ഉണ്ട്. പൊതി അഴിച്ച് അയാള്‍ക്കെന്തോ വായിലേക്ക് വെച്ച് കൊടുത്തു. അയാള്‍ ആര്‍ത്തിയോടെ വിഴുങ്ങിക്കൊണ്ടിരുന്നു. അടുത്തുകണ്ട ടാപ്പില്‍ നിന്ന് ഒരു കുപ്പിയില്‍ വെള്ളം കൊണ്ടുവന്നു. എല്ലാം കഴിഞ്ഞ് അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. യുവാവായിട്ടും ഒരു വടിയുടെ സയാഹത്തോടെ അയാള്‍ നീങ്ങുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് കാഴ്ചയില്ലെന്ന് മനസ്സിലായി. പയ്യന്റെ കൈ പിടിച്ച് റോഡ് കടന്ന് അയാള്‍ എങ്ങോട്ടോ മറഞ്ഞു.
**** 
പോക്കറ്റിലിരുന്ന സെല്‍ഫിസത്തില്‍ നിന്ന് മരണശബ്ദം കേട്ടു. 

Friday, March 6, 2015

ജീവിതം മുപ്പതിലേക്ക്...
പ്രപഞ്ചനാഥന് സര്‍വ്വ സ്തുതിയും. ജീവിതയാത്ര മുപ്പതിലേക്ക് കടക്കുകയാണ്. ഓര്‍മകള്‍ ശേഷിപ്പിക്കാത്ത ബാല്യവും നിലനില്‍പ്പിനായി പൊരുതിയ കൗമാരവും കടന്ന് പ്രതീക്ഷയുടെ യുവത്വത്തിലെത്തിയിരിക്കുന്നു.
ത്രിദശകജീവിതം നിരവധി തന്നു.
ജീവിത പാഠങ്ങള്‍ പഠിച്ചെടുത്തത് മാതാവില്‍ നിന്നാണ്.
മനസ്സിലും സ്‌നേഹത്തിലും എന്നും രണ്ടാംസ്ഥാനം നല്‍കിയിട്ടുള്ളത് പ്രയമാതാവിനാണ്.
സ്‌നേഹവും സൗഹൃദവും ആവോളം ആസ്വദിച്ചു. അറിഞ്ഞതിലപ്പുറമാണ് യാഥാര്‍ത്ഥ്യങ്ങളെന്ന് ജീവിതം പഠിപ്പിച്ചു.
ആശയം കിളിര്‍ത്തുവരുന്ന പ്രായത്തില്‍തന്നെ ധര്‍മസംഘം നന്മയുടെ പാഠങ്ങള്‍ പറഞ്ഞതിനാല്‍ ജീവിതം ലക്ഷ്യം വരച്ചിടാന്‍ പ്രയാസമുണ്ടായില്ല.............................................................
സ്വയം തീര്‍ത്തുവെച്ച വിധിയില്‍ വിദ്യയുടെ ആലയത്തോട് വിടചൊല്ലിയപ്പോള്‍ മുന്നോട്ടുള്ള പാതകളൊക്കെ ശൂന്യമായിരുന്നു..............................................................
പിന്നെ.. ഓര്‍മകളിലും മരിക്കാത്ത നിമിഷങ്ങള്‍...
ഇപ്പോഴത് തുറക്കുന്നില്ല....................

വായന ലഹരിയായിരുന്നു....
വായനയിലൂടെ ലഭിച്ച അക്ഷരോര്‍ജ്ജം ഉള്ള് തുറപ്പിച്ചു.
വിവരസാങ്കേതിക വെല്ലുവിളിയായി ഏറ്റെടുത്തു...
അത് പിന്നീട് ഉപജീവനമായി പരിണമിച്ചു...
ധര്‍മാണ് ലക്ഷ്യപ്രാപ്തിക്കുള്ള നിദാനമെന്നുറപ്പിച്ചു...
ധര്‍മ സംഘത്തിന്റെ കൂടെ നടന്നു...
ജീവിതം പഠിച്ചു.. ജീവിക്കാനും....
യാത്ര എന്നും ആവേശമായിരുന്നു.
അത് ജീവിതത്തിന് നിരവധി പാഠങ്ങള്‍ നല്‍കി
ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു..
മെട്രോ സിറ്റികളില്‍ താമസിച്ചു..

തിരുനബിയുടെ ജീവിതം ഞാനേറെ ഇഷ്ടപ്പെടുന്നു.
വായിച്ചറിഞ്ഞ തിരുജീവിതപാഠങ്ങള്‍ എന്റെ അനുഭവങ്ങളെ സമ്പുഷ്ടമാക്കി.
സംഘാടന മികവുകൊണ്ട് അത്ഭുതപ്പെടുത്തിയ കാന്തപുരം ഉസ്താദിനെ ഞാന്‍ ഏറെ ഇഷ്ടപ്പെട്ടു.
സുഹൃത്തുക്കള്‍ എനിക്കെന്നും പ്രിയപ്പെട്ടവരായിരുന്നു..
ധാരാളം പേരെ കിട്ടി...
നിഷ്‌കളങ്കരായവര്‍...
അനിവാര്യ ഘട്ടങ്ങളിലെല്ലാം കൈ-മെയ് മറന്ന് സൗഹൃദത്തിന്റെ തലോടല്‍ ലഭിച്ചു..
ഇരുപത്തി ഏഴിലെത്തിയപ്പോഴായിരുന്നു വിവാഹം...
ജീവിതയാത്രയില്‍ മനസ്സിനൊത്തൊരു ഇണയെക്കിട്ടി....
ആശയും ആശയവും ഒരുപോലെയായപ്പോള്‍ ജീവിതവല്ലിയില്‍ സ്‌നേഹം പൂത്തു...
സ്ത്രീയും സൗന്ദര്യം കുടികൊള്ളുന്നത് മനസ്സിലാണെന്ന് അവളിലൂടെ ഞാന്‍ മനസ്സിലാക്കുന്നു...........................
ഞങ്ങളുടെ സ്‌നേഹവല്ലരിയില്‍ ഒരു ചിരിക്കുടുക്ക പിറന്നു.
അവന്റെ പുഞ്ചിരി ഇന്ന് ഹൃദയത്തിനൊരു തേന്‍തുള്ളിയാണ്....
ആഗ്രഹിച്ച പോലെ രണ്ട് വെബ്‌സൈറ്റുകള്‍ തുടങ്ങാനായി..
നിരവധി ബ്ലോഗുകളും...
പ്രാദേശികമായെങ്കിലും ഒരു പത്രത്തിന്റെ അണിയറയിലിരുന്നതും ഓര്‍ത്തുവെക്കുന്നു...
കഴിവുകള്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും  പതുക്കെയായിരുന്നു...
പലയിടത്തും ഓടിയെത്താന്‍ വൈകിപ്പോയി..........
നിരാശയില്ല....
അര്‍ഹിച്ചത് കിട്ടിയിട്ടുണ്ട്...
ലക്ഷ്യം
ഈ യാത്ര അവസാനിക്കുന്നതിന് മുമ്പ്............
ജീവിച്ചു എന്നതിന് എന്തെങ്കിലും തെളിവ് ബാക്കിയാക്കണം...!
ജീവിതം നന്മയിലായിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.
എന്നെന്നും വിശുദ്ധിയില്‍ മറയാന്‍ കൊതിക്കുന്നു...!
- അബ്ദുല്‍ ഹമീദ് കെ.പുരം

Tuesday, December 17, 2013
















വാട്‌സ് ആപ്പ്..

വീട്ടില്‍ നിന്ന് ഓഫീസിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് കദീജുമ്മ കയറിവന്നത്. കയ്യിലുള്ള മരുന്നിന്റെ ലിസ്റ്റ് നീട്ടിക്കൊണ്ട് പറഞ്ഞു.
''മോനേ.. മറക്കാതെ കൊണ്ടോരണം''. ''ഇന്നാ.. പൈസ''
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി തുടരുന്ന പതിവ്...
''അവിടെത്തന്നെ വെച്ചോളീം.. ഞാന്‍ വാങ്ങിക്കോളാം..!!''
അവരുടെ കണ്ണൊന്ന് നനഞ്ഞോ..!!
മരുന്ന് ലിസ്റ്റ് ബാഗില്‍ തിരുകി നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
ബസിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോള്‍ ഒരു പുതിയ കടയില്‍ അന്വേഷിച്ചു.
''സ്റ്റോക്കില്ല''
ഇനി ലഞ്ച് ബ്രേക്കിനിറങ്ങാം. ഒരു മണിക്കൂര്‍ ഉണ്ടല്ലോ..!
ഓഫീസില്‍ പിടിപ്പതു ജോലിയുണ്ടായിരുന്നു. കണക്കുകളുടെ ലോകം തലച്ചോറില്‍ തിളച്ചുമറിഞ്ഞു. ഇന്‍വോയ്‌സും ക്വട്ടേഷനുകളുമായി കമ്പ്യൂട്ടറിനോട് പടപൊരുതി. സമയം കൂടുതലെടുത്തു. ലഞ്ച്‌ബ്രേക്കിനി അരമണിക്കൂര്‍മാത്രം ബാക്കി. ഭക്ഷണം ബാഗിലുണ്ട്. കഴിക്കാനിരുന്നാല്‍ സമയം പോകും. മരുന്ന് ലിസ്റ്റുമായി പുറത്തേക്കിറങ്ങി. ആദ്യംകണ്ട മെഡിക്കല്‍ സ്റ്റോറില്‍ കയറി.
''ഓ... ഒരെണ്ണം സ്റ്റോക്കില്ലല്ലോ..!.''
''ഉള്ളതെടുത്തോളൂ''
പണം കൊടുക്കാനായി പോക്കറ്റില്‍ നിന്ന് പേഴ്‌സെടുത്തു...
'പടച്ചവനേ.. കാലി..!!' ''ഹാ.. നിങ്ങള്‍ പാക്ക് ചെയ്‌തോളൂ''
ഇനി ബാക്കിയുള്ളത് 25 മിനിറ്റ് മാത്രം. നേരെ എ.ടി.എം കൗണ്ടറിലേക്കോടി. നല്ല ക്യൂ.. സമയം പോകുന്നു... മനസ്സില്‍ ആധി.. 15 മിനിറ്റ് ക്യൂവില്‍ നിന്നപ്പോള്‍ ഊഴമെത്തി. പിന്നില്‍ നിന്നിരുന്ന ഒരാള്‍ മുന്നോട്ട് വന്നു.
''ഒന്നെടുത്തോട്ടെ.. ഭക്ഷണം കഴിച്ചിട്ടില്ല.. ഹോട്ടലില്‍ പോകാനാണ്.'' ഭവ്യതയോടെ പറഞ്ഞപ്പോള്‍ 'അത്യാവശ്യക്കാരനെ' അനുവദിക്കാതിരിക്കാനായില്ല. അയാള്‍ക്ക് പിന്നിലുള്ളവര്‍ ദേഷ്യത്തോടെ നോട്ടമെറിഞ്ഞു. ക്ഷമ നശിക്കുന്നു.. മെഷീനില്‍ മൂപ്പര്‍ കുറെ ഞെക്കിനോക്കുന്നുണ്ട്. ഒന്നും പുറത്തേക്ക് വരുന്നില്ല. 5 മിനിറ്റ് അഭ്യാസത്തിന് ശേഷം ടിയാന്‍ പുറത്ത് വന്നു.
''പാസ്സ് വേര്‍ഡ് മറന്നു''. പാവം ഇന്ന് പട്ടിണി. 'ആധുനികകാല പട്ടിണിയുടെ ഉറവിടങ്ങള്‍..!' ഒരു കഥക്ക് സ്‌കോപ്പുണ്ട്. ആലോചിച്ച് നില്‍ക്കാന്‍ സമയമില്ല. ആശ്വാസത്തോടെ എ.ടി.എമ്മിനുള്ളിലേക്ക് കയറി. എ.സിയുടെ കുളിരി ഒരു മൂളിപ്പാട്ട് ചുണ്ടിലേക്ക് വിരുന്നെത്തി. വിശപ്പിന്റെ വിളി വന്നുകൊണ്ടിരിക്കുന്നുണ്ട്.
കാര്‍ഡ് മെഷീനില്‍ നിക്ഷേപിച്ച് പാസ്സ്‌വേര്‍ഡും തുകയും അമര്‍ത്തി പ്രതീക്ഷയോടെ കാത്ത് നിന്നു.  സ്‌ക്രീനില്‍ ഒരു മെസ്സേജ് തെളിഞ്ഞു.
'ടീൃൃ്യ, ട്യേെലാ ശ െലോുലൃമൃഹ്യ ീൗ േീള ലെൃ്ശരല, ുഹലമലെ ്ശശെ േീൗൃ ിലമൃലേെ അഠങ'
മനസ്സില്‍ സന്തോഷത്തിന്റെ പത തിളച്ചുവന്നു. കൂടുതല്‍ സമയം അലട്ടിക്കാതെ മുന്നറിയിപ്പ് തന്ന എ.ടി.എം മെഷീനിന് നന്ദി സമര്‍പ്പിച്ച് പുറത്തിറങ്ങി. ക്യൂ നില്‍ക്കുന്ന എല്ലാവരോടും ആ സന്തോഷവാര്‍ത്ത അറിയിച്ചു. മുറുമുറുപ്പും ശാപങ്ങളും വീണുടഞ്ഞു. ബാങ്കിന്റെ ജനറല്‍ മാനേജറുടെ അക്കൗണ്ടില്‍വരെ ശാപത്തിന്റെ ഡെപ്പോസിറ്റെത്തി. തൊട്ട് പിന്നില്‍ നിന്നിരുന്നയാള്‍ വിശ്വാസമാകാതെ അകത്തേക്ക് കയറി ഞെക്കി നോക്കി. 'ഇനി എ.ടി.എം ഇയാളെ കളിപ്പിച്ചതാണെങ്കിലോ..?! അല്ലെങ്കില്‍ കാഷില്ലാത്തതുകൊണ്ട് കള്ളം പറഞ്ഞതോ?..!'
*** *** ***

എ.ടി.എം മെഷീന് അറിയിച്ച ഈ 'നീയറസ്റ്റിലേക്ക്' ഇവിടെ നിന്ന് 3 കിലോമീറ്റര്‍ പോകണം. ആകെ 5 മിനിറ്റ് സമയം ബാക്കിയുണ്ട്. വയറിനുള്ളില്‍ നിന്ന് ആരൊക്കെയോ വിളിക്കുന്നുണ്ട്. ഭക്ഷണം ബാഗില്‍ കാത്തിരിപ്പുണ്ട്. മെഡിക്കല്‍ സ്റ്റോറില്‍ മരുന്നും...! എന്ത് ചെയ്യും?
***  ***  ***

ഓഫീസിലേക്ക് തിരിച്ചുവന്നു. വീണ്ടും കണക്കിന്റെ ലോകത്തേക്ക്. വൈകീട്ട് ചായ എത്തിയപ്പോഴാണ് മരുന്നിന്റെ കാര്യം വീണ്ടും ഓര്‍മ്മ വന്നത്. സ്റ്റോക്കില്ലാത്തത് സംഘടിപ്പിക്കണമല്ലോ?. അറിയുന്ന ഒന്ന് രണ്ട് മെഡിക്കല്‍ സ്റ്റോറുകളിലേക്ക് വിളിച്ചു ചോദിച്ചപ്പോഴൊന്നും സാധനം സ്റ്റോക്കില്ല. (ഇത്  വല്ല ലാഭം കുറവുള്ള മരുന്നുമാണോ..!).
*** *** ***

മരുന്നിന്റെ പേരെന്താണ്.. ഹോ.. ഓര്‍മ്മ കിട്ടുന്നില്ല.. മരുന്ന് ലിസ്റ്റാണെങ്കില്‍ മെഡിക്കല്‍ സ്റ്റോറില്‍ കൊടുത്തേല്‍പ്പിച്ചതാണ്. പണം കൊടുക്കാതെ അവിടുന്നതെങ്ങനെ വാങ്ങും? ഒന്ന് വിളിച്ചു നോക്കിയാലോ?.  ഫോണ്‍ നമ്പര്‍. ഗൂഗഌന്റെ സഹായം തേടി. മെഡിക്കല്‍ സ്റ്റോറിന്റെ പേര് കൊടുക്ക് സെര്‍ച്ച് ചെയ്തപ്പോള്‍ കുറെയെണ്ണം കടന്നുവന്നു. അമേരിക്കന്‍ കടകള്‍.. ഇന്ത്യനെ കണ്ടില്ല.
ഫേസ് ബുക്കില്‍ ഒരു 'നോട്ടിഫിക്കേഷന്‍' പ്രത്യക്ഷപ്പെട്ടു. ഉടന്‍ തലച്ചോറിലെ ബള്‍ബ് മിന്നി. ഫെയ്‌സ് ബുക്കില്‍ മെഡിക്കല്‍ സ്റ്റോറിന്റെ പേര് കൊടുത്ത് സെര്‍ച്ച് ചെയ്തു. കാത്തിരുന്നു.. അതാവരുന്നു... (സ്വകാര്യം.. മൂപ്പര്‍ നമ്മളെ ഫ്രന്റാണ്). പ്രൊഫൈലില്‍ നിന്ന് കോണ്‍ടാക് നമ്പര്‍ തപ്പിയെടുത്തു. (ഹോ.. ഈ ബുദ്ധി ആദ്യം തോന്നിയില്ലല്ലോ..! ഇനി അവസരം വരട്ടെ... കണ്ടോളാം).
''ഹലോ.. **** അല്ലേ.. ഞാന്‍ ഉച്ചക്കവിടെ മരുന്ന് ലിസ്റ്റ് തന്നിരുന്നു..''
''സോറി.. ഞാനൊരത്യാവശ്യത്തിന് വന്നതായിരുന്നു.'' (പണമില്ലാത്തതുകൊണ്ടാണെന്ന് പറയാന്‍ അഭിമാനബോധം സമ്മതിച്ചില്ല).
''ആ ലിസ്റ്റൊന്നു വേണായിരുന്നു. അവിടെ സ്റ്റോക്കില്ലാത്തത് വാങ്ങാനാണ്..''
''മൊബൈലില്‍ ഫോട്ടോയെടുത്ത് 'വാട്ട്‌സ് ആപ്പില്‍' വിടാമോ?''
''ശരി.. ചെയ്യാം''
''ഇപ്പോള്‍തന്നെ വേണേ.. പ്ലീസ്''
ഹാവൂ.. ആശ്വാസമായി.. മെഡിക്കല്‍ സ്റ്റോറിന് ഒരു 'ലൈക്ക്' കൊടുത്തു. അവനിത് കാണില്ലേ..!
*** *** ***

വാട്ട്‌സ് ആപ്പ് നോക്കിയിരിപ്പായി.. മൊബൈല്‍ ഒന്ന് വിറച്ചോ..! ഹാവൂ.. ലിസ്റ്റ് വന്നിട്ടുണ്ട്. ഫ്രന്റ്‌സിന് ഷെയര്‍ ചെയ്തു.
'എനിക്ക് അത്യാവശ്യമായി ഈ മരുന്ന് കിട്ടണം. പ്ലീസ്.. ഒന്ന് സഹായിക്കാമോ?'
കമന്റുകള്‍ പ്രവഹിച്ചു.
'അല്ല മോനേ.. നിനക്കെന്തിനാണ് ഈ മരുന്ന്..!'
'ഇത് വല്ല വയാഗ്രയുടെ നിറംമാറിയുമാണോ..?'
'വയാഗ്രയല്ലല്ലോ.. നയാഗ്രയല്ലെ..!'
'അതൊരു വെള്ളച്ചാട്ടമല്ലെ..' വാട്‌സ് ആപ്പ് ഭിഷഗ്വരന്‍ സംശയം പ്രകടിപ്പിച്ചു.
ചര്‍ച്ച ഭൂഖണ്ഡങ്ങള്‍ ഭേദിച്ചു. രാഷ്ട്രീയവും സ്‌പോര്‍ട്‌സും തത്വചിന്തയും തുടങ്ങി സകല 'അലമ്പുകളും' ചര്‍ച്ചയില്‍ കണ്ണിചേര്‍ന്നു. പ്രതീക്ഷയോടെ ഇരുന്നു. ഒരു മണിക്കൂറിന് ശേഷവും ചര്‍ച്ച ചൂടോടെ നടക്കുന്നു.
'ഇനി ഇതുവല്ല ആപ്പുമാണോ?' (എ.എ.പി പാര്‍ട്ടി?)
'എന്താപ്പ്..!? അതിനിവന് രാഷ്ട്രീയത്തിലൊന്നും താത്പര്യമില്ലല്ലോ?'
'ഹാ... നിന്റെയൊക്കെ താത്പര്യം എന്തിലാണെന്നറിയാം'
ചര്‍ച്ച രൂപ പരിണാമം സംഭവിച്ച് 'അഡള്‍ട്ട് ഒണ്‍ലി (+18) ആയി മാറി.
അവസാനം ഇടപെടേണ്ടി വന്നു. ഇത് വയാഗ്രയുടെയും നയാഗ്രയുടെയും സഹോദരിമാരൊന്നുമല്ല മക്കളെ.. ഇത് അപസ്മാരത്തിനുള്ള മരുന്നാണ്..! നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ വാങ്ങിക്കഴിച്ചോളൂ..! മരുന്നിന്റെ വിക്കീപീഡിയ ലിങ്കും കൊടുത്തു.
''എന്നാല്‍ നിനക്കിത് ആദ്യം തന്നെ പറഞ്ഞൂടായിരുന്നോ...*/+#ൃ-*/.. മോനേ..!!''
പിന്നീട് വന്ന പ്രതികരണങ്ങളൊന്നും വായിക്കാന്‍ തോന്നിയില്ല. വാട്‌സ് ആപ്പ് ലോഗ് ഔട്ട് ചെയ്തു. ഫോണങ്ങ് സ്വിച്ചോഫാക്കി...! നമ്മളോടാണ് കളി...!
*** *** ***

അവസാനം അഭിമാന ബോധം പണയം വെച്ചു. ഓഫീസില്‍ നിന്ന് ഒരു സുഹൃത്തിനോട് പണം കടംവാങ്ങി. എടിഎമ്മില്‍ നിന്ന് നാളെ പണം എടുത്ത് തരാമെന്ന് പറഞ്ഞു. (ഹാ..ഹ എ.ടി.എം....!!)
വൈകീട്ട് മെഡിക്കല്‍ സ്റ്റോറില്‍ ചെന്ന് മരുന്ന് വാങ്ങി. നേരെ കദീസുമ്മയുടെ വീട്ടിലേക്ക് ചെന്നു. കിട്ടാത്ത മരുന്നെന്ത് ചെയ്യും. ഞാന്‍ എന്നാലാവുന്നതൊക്കെ ചെയ്തു. നിരാശയോടെ വീടിന്റെ ഗേറ്റ് കടന്നു. ഒരാള്‍ക്കൂട്ടം...!
*** *** ***

ദുഖത്തിന്റെ പേമാരി പെയ്തു... മൊബൈലെടുത്ത് വീട്ടില്‍ വിളിച്ചു പറയാം....
''ഉമ്മാ നമ്മുടെ ....മരിച്ചു..!!''
സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നു.
നിനക്ക് വേണ്ട മരുന്ന് എവിടെയാണ് ഏല്‍പ്പിക്കേണ്ടത്...!
നിന്റെ ഫോണ്‍ എന്തേ സ്വിച്ച് ഓഫ് ചെയ്തത്?..... നിന്നെ വാട്‌സ് ആപ്പും ഫേസ്ബുക്കിലുമൊന്നും കാണുന്നില്ലല്ലോ..! ഞാന്‍ നിന്നെ കോണ്‍ടാക്ട് ചെയ്യാന്‍ ഒരു പാട് ശ്രമിച്ചു.
നിന്റെ ഒരു അയല്‍വാസി മരിച്ചിട്ടുണ്ടല്ലോ..?
നീ എങ്ങനെ...!
ഫേസ്ബുക്കിലുണ്ടല്ലോ? വാട്‌സ് ആപ്പിലും ഷെയര്‍ കണ്ടു.
*** *** ***

മൊബൈലെടുത്ത് വാട്‌സ് ആപ്പ് ലോഗിന്‍ ചെയ്തു...
അനുശോചന പ്രവാഹം.. പരേതന്റെ പഴയകാല ഫോട്ടോകള്‍..
*** *** ***

കയ്യിലിരുന്ന മരുന്ന്‌പൊതി നോക്കി... ഇത് കദീശുമ്മയെ കാണിക്കണോ..!
തൊണ്ടയിലൊരു പ്രയാസം. തലക്കൊരുഭാരം..
'അറിയാതെ കണ്ണില്‍ നിന്ന് രണ്ട് തുള്ളി താഴേക്ക് പതിച്ചോ..?'
*** *** ***

വാട്‌സ് ആപ്പില്‍ ഒരു മെസ്സേജ് കൂടിവന്നു.
'1500 രൂപ നാളെ മറക്കാതെ എടുക്കണേ..!'

- അബ്ദുല്‍ ഹമീദ് കെ.പുരം


Thursday, December 5, 2013











തിരിച്ചറിവ്; വീഴുന്നതിന് മുമ്പേ..!
- കവിക്കഥ* -

തിരിച്ചറിവിന്റെ ബോധമുദിച്ചപ്പോളറിഞ്ഞു..
ജീവിതത്തിന് ലക്ഷ്യങ്ങളുണ്ട്..!
അബദ്ധം ആവര്‍ത്തിച്ചപ്പോഴാണറിയുന്നത്..
അഹങ്കാരം കുടില്‍കെട്ടിയിട്ടുണ്ടെന്ന്..!
അഹംഭാവം പിണങ്ങിപ്പോയപ്പോള്‍..
ഞാനീലോകത്തിലെത്ര നിസ്സാരന്‍..!
ജാഢയുടെ വസ്ത്രങ്ങള്‍ അഴിച്ചുവെച്ചപ്പോള്‍
ആത്മാര്‍ത്ഥതയുടെ നഗ്‌നത അനുഭവിച്ചു..!
ആഢംബരത്തിന്റെ കടലിലിറങ്ങിയപ്പോഴാണറിഞ്ഞത്
സ്‌നേഹം കുടികൊള്ളുന്നത് തുരുത്തുകളിലാണ്..!
പണത്തിന്റെ പളപളപ്പ് മങ്ങിയപ്പോള്‍ മനസ്സിലായി..
തേനുള്ള പൂവിലേ വണ്ടുകള്‍ മൂളിപ്പറക്കൂ..!
പണത്തിന് പിന്നില്‍ ഓടിത്തളര്‍ന്ന്..
തിരിഞ്ഞുനോക്കിയപ്പോള്‍ പിന്നില്‍ നിഴലുമാത്രം
വീണിടത്ത് കിടന്ന് വേദന കടിച്ചമര്‍ത്തുമ്പോളോര്‍ത്തു
നല്ലകാലത്ത് നാല് സൗഹൃദം തീര്‍ത്തിരുന്നെങ്കില്‍..!
മാവിലെ പഴുത്തില വീണപ്പോള്‍ നിനച്ചില്ല..
പച്ചിലയുമൊരിക്കല്‍ പഴുക്കുമെന്ന്..!
തിരക്കിന്റെ ഭാണ്ഡക്കെട്ടഴിച്ചുവെച്ചപ്പോഴാണറിയുന്നത്...
പ്രഭാതത്തിനും പ്രകൃതിക്കുമിത്ര സൗന്ദര്യമുണ്ടെന്ന്..!
കുടുംബത്തിന്റെ മനസ്സിലേക്കിറങ്ങിവന്നപ്പോള്‍..
ജീവിതത്തിനെന്തു മധുരം..
അയല്‍വീട്ടില്‍ നിന്ന് വിലാപം ഉയര്‍ന്നപ്പോള്‍..
മനസ്സ് മന്ത്രിച്ചു ഇനി യാത്രക്കൊരുങ്ങിക്കൊള്‍ക..!

- അബ്ദുല്‍ ഹമീദ് കെ.പുരം
(*കവിക്കഥ=കവിത+കഥ)

Monday, September 2, 2013




ഇനി എനിക്ക് വയ്യ...
- അബ്ദുല്‍ ഹമീദ് കെ.പുരം

പിച്ച വെക്കുന്ന കാലത്ത് അവള്‍ പിടിച്ചു നിന്നത് വീട്ടിന്റെ പൊട്ടിപ്പൊളിഞ്ഞ ചുമരിലാണ്. കാരണം ഉമ്മക്ക് അടുത്തവീട്ടിലെ  പാത്രങ്ങള്‍ വീഴാതെ സൂക്ഷിക്കേണ്ടതുണ്ടായിരുന്നു.
ബാല്യത്തില്‍ അവളുടെ ചോറുപാത്രത്തിന് ഭാരം കുറവായിരുന്നു. ഇടക്ക് മാത്രം എരിയുന്ന അടുപ്പിലെ പാത്രത്തില്‍ നിന്ന് കനമുള്ള വിഭവങ്ങളുടെ ഗന്ധം ഉയര്‍ന്നിരുന്നില്ല.
കോരിച്ചൊരിയുന്ന മഴ ഉറക്കമിളക്കാന്‍ പഠിപ്പിച്ചു. ചോര്‍ന്നൊലിച്ച വെള്ളം തുടച്ചുമാറ്റിയതിന് ശേഷമേ വീണ്ടും ഉറങ്ങാനായുള്ളൂ..
തറയിലെ തണുപ്പ് പതുപതുത്ത മെത്തക്ക് പകരമായിരുന്നു. അങ്ങിങ്ങ് കീറിയ പുതപ്പ്  പ്രഭാതത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തിയില്ല.
അസുഖങ്ങളെ മരുന്നുകള്‍ ശല്യപ്പെടുത്തിയില്ല. സഹനം വേദനയെ കീഴ്‌പ്പെടുത്തി.
 മനസ്സിന്റെ ഭാരം സ്‌കൂള്‍ ബാഗിന് അനുഭവപ്പെട്ടില്ല. അയലത്തെ വീട്ടിലെ പഴയ പുസ്തകങ്ങളുടെ ഒരു പാട് പേജുകള്‍ ആദ്യമേ നഷ്ടമായിരുന്നു.
പഠിച്ചതൊന്നും വീണ്ടും പഠിക്കേണ്ടി വന്നില്ല. പഠന താത്പര്യം ഗുരുവായി മാറി.
വരച്ച ചിത്രങ്ങളൊക്കെ ഭംഗിയുള്ളതായിരുന്നു. പത്രങ്ങളോ, ചാനലുകളോ അറിയാത്തതുകൊണ്ട് ആരും ശ്രദ്ധിച്ചില്ല.
കാശില്ലാത്തതുകൊണ്ട് കൂട്ടുകാരുണ്ടായില്ല. കൂട്ടിന് മുറ്റത്ത് നല്ല ചെടികള്‍ വളര്‍ത്തി. പുഞ്ചിരിക്കുന്ന പൂക്കള്‍ ഏകാന്തതയകറ്റി.
പിതാവില്ലാതെ വളര്‍ന്നത് അവളുടെ പ്രശ്‌നമായിരുന്നില്ല; എങ്കിലും കുടുംബത്തിലാരോ അവളെ അനാഥ മന്ദിരത്തിലെത്തിച്ചു.
''ബാപ്പയില്ലാത്ത കുട്ടിയല്ലേ...!!''
 കൗമാരത്തില്‍ നിനച്ചിരിക്കാതെ സ്വപ്നങ്ങള്‍ വിരുന്നെത്തി. മനസ്സ് പടര്‍ന്ന് കയറാന്‍ വെമ്പിയപ്പോള്‍ കുടുംബക്കാരൊരു തുണ കൊടുത്തു.
മധു നഷ്ടപ്പെട്ടപ്പോഴാണറിയുന്നത് അയാള്‍ ഈ രാജ്യത്തെ പൗരനല്ലത്രെ..!!
മനസ്സ് അസ്വസ്ഥമായപ്പോള്‍ മുറ്റത്തേക്കിറങ്ങി. കൂട്ടിരുന്ന ചെടികള്‍ ആരും നോക്കാനില്ലാതെ വാടിക്കരിഞ്ഞിരുന്നു...
മനസ്സ് പിറുപിറുത്തു... ഇനി എനിക്ക് വയ്യ...!!!

Saturday, April 6, 2013


നിദ്രക്ക് മുമ്പ്

നിദ്രയുടെ രുചി
എന്നെ പ്രലോഭിപ്പിക്കുന്നു..!
ഒന്ന് കിടന്നാലോ?
ഉറക്കം ഒരാസ്വാദനം തന്നെ..!
ഒന്നുമറിയേണ്ടതില്ലല്ലോ
അല്ലലില്ല.. അലച്ചിലില്ല..!
ടെന്‍ഷനില്ല ഭയവുമില്ല..!!

ഓ.. ഒരു ശബ്ദം കേട്ടല്ലോ..!
എവിടെ നിന്നാണത്..!
വയറില്‍ നിന്നാണോ?
ഓ നിന്നെ തൃപ്തിപ്പെടുത്തണമല്ലേ?

കണ്ണുകള്‍ക്കെന്താണൊരുമടി.!
എനിക്ക് വിശക്കുന്നു..!
കണ്ണുകളേ അയാം സോറി..!
ഹാവൂ.. എന്റെ ഉറക്കം പോയി.

-അബ്ദുല്‍ ഹമീദ് കെ.പുരം