Monday, May 25, 2015






സെല്‍ഫിസം

ഉള്ളില്‍ സെല്‍ഫിസം പിറുപിറുത്തു. ഇരയെത്തേടി സെല്‍ഫി പുറത്തിറങ്ങി. അപകടങ്ങള്‍ക്കൊന്നും ഇപ്പോള്‍ വേണ്ടത്ര ലൈക്ക് വീഴുന്നില്ല. ഇനി പിടിച്ചു നില്‍ക്കാന്‍ ഒരു വറൈറ്റി ഒക്കെ വേണം. വല്ലവന്റെയും പോസ്റ്റ് അടിച്ചുമാറ്റി സ്റ്റാമ്പൊട്ടിച്ചിരുന്നു കാലം കഴിഞ്ഞു. ഇപ്പോ എല്ലാത്തിനും പേറ്റന്റാണ്. 
****
ഹോട്ടലിന്റെ അടുക്കള ഭാഗത്ത് ഇരിക്കുന്ന യാചകന് നേരെ ഫോക്കസ് ചെയ്തു. തൊട്ടപ്പുറത്ത് കുറച്ച് ഭക്ഷണ വേസ്റ്റ് കൂട്ടിയിട്ടിട്ടുണ്ട്. ഇന്നത്തെ കാര്യം കുശാല്‍. അത്യാവശ്യം ലൈക്കിനുള്ള വകയായി. 
***
മനസ്സില്‍ തിരക്കഥ എഴുതി. അടിക്കുറിപ്പ് റെഡി. വിശന്നു വലഞ്ഞ യാചകന്‍ മാലിന്യത്തില്‍ നിന്ന് അന്നം കണ്ടെത്തുന്നു. (ഫോട്ടോ..).. അയാള്‍ ഇരിക്കുന്ന സ്ഥലത്ത് വെളിച്ചം കുറവാണ്. ഫോട്ടോ ക്ലിയറില്ലെങ്കില്‍ എഡിറ്റിംഗ് ശരിയാവില്ല. ഹാ.. ഫോട്ടോഷോപ്പ് വെച്ച് അഡ്ജസ്റ്റ് ചെയ്യാം..
***  
കാമറ ഓണാക്കി പിടിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് നേരം കൂറെയായി. 
ഇയാള്‍ക്ക് വിശക്കുന്നില്ലേ.. ഇയാള്‍ക്ക് കുറച്ച് വെളിച്ചമുള്ള സ്ഥലത്തേക്ക് നീങ്ങി ഇരുന്നാലെന്താ..!
ഉള്ളില്‍ ഷെല്‍ഫി മുരണ്ടു. 
ഫോണിലെ ബാറ്ററി വിശപ്പറിയിച്ചു തുടങ്ങി.. 
***
റോഡ് ക്രോസ് ചെയ്ത് തെക്ക് ഭാഗത്ത് നിന്നാണ് കുട്ടി ഓടിവന്നത്. ഒരു പത്ത് പന്ത്രണ്ട് വയസ്സ് കാണും. കയ്യില്‍ ഒരു പൊതി ഉണ്ട്. പൊതി അഴിച്ച് അയാള്‍ക്കെന്തോ വായിലേക്ക് വെച്ച് കൊടുത്തു. അയാള്‍ ആര്‍ത്തിയോടെ വിഴുങ്ങിക്കൊണ്ടിരുന്നു. അടുത്തുകണ്ട ടാപ്പില്‍ നിന്ന് ഒരു കുപ്പിയില്‍ വെള്ളം കൊണ്ടുവന്നു. എല്ലാം കഴിഞ്ഞ് അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. യുവാവായിട്ടും ഒരു വടിയുടെ സയാഹത്തോടെ അയാള്‍ നീങ്ങുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് കാഴ്ചയില്ലെന്ന് മനസ്സിലായി. പയ്യന്റെ കൈ പിടിച്ച് റോഡ് കടന്ന് അയാള്‍ എങ്ങോട്ടോ മറഞ്ഞു.
**** 
പോക്കറ്റിലിരുന്ന സെല്‍ഫിസത്തില്‍ നിന്ന് മരണശബ്ദം കേട്ടു. 

No comments:

Post a Comment