Thursday, December 5, 2013











തിരിച്ചറിവ്; വീഴുന്നതിന് മുമ്പേ..!
- കവിക്കഥ* -

തിരിച്ചറിവിന്റെ ബോധമുദിച്ചപ്പോളറിഞ്ഞു..
ജീവിതത്തിന് ലക്ഷ്യങ്ങളുണ്ട്..!
അബദ്ധം ആവര്‍ത്തിച്ചപ്പോഴാണറിയുന്നത്..
അഹങ്കാരം കുടില്‍കെട്ടിയിട്ടുണ്ടെന്ന്..!
അഹംഭാവം പിണങ്ങിപ്പോയപ്പോള്‍..
ഞാനീലോകത്തിലെത്ര നിസ്സാരന്‍..!
ജാഢയുടെ വസ്ത്രങ്ങള്‍ അഴിച്ചുവെച്ചപ്പോള്‍
ആത്മാര്‍ത്ഥതയുടെ നഗ്‌നത അനുഭവിച്ചു..!
ആഢംബരത്തിന്റെ കടലിലിറങ്ങിയപ്പോഴാണറിഞ്ഞത്
സ്‌നേഹം കുടികൊള്ളുന്നത് തുരുത്തുകളിലാണ്..!
പണത്തിന്റെ പളപളപ്പ് മങ്ങിയപ്പോള്‍ മനസ്സിലായി..
തേനുള്ള പൂവിലേ വണ്ടുകള്‍ മൂളിപ്പറക്കൂ..!
പണത്തിന് പിന്നില്‍ ഓടിത്തളര്‍ന്ന്..
തിരിഞ്ഞുനോക്കിയപ്പോള്‍ പിന്നില്‍ നിഴലുമാത്രം
വീണിടത്ത് കിടന്ന് വേദന കടിച്ചമര്‍ത്തുമ്പോളോര്‍ത്തു
നല്ലകാലത്ത് നാല് സൗഹൃദം തീര്‍ത്തിരുന്നെങ്കില്‍..!
മാവിലെ പഴുത്തില വീണപ്പോള്‍ നിനച്ചില്ല..
പച്ചിലയുമൊരിക്കല്‍ പഴുക്കുമെന്ന്..!
തിരക്കിന്റെ ഭാണ്ഡക്കെട്ടഴിച്ചുവെച്ചപ്പോഴാണറിയുന്നത്...
പ്രഭാതത്തിനും പ്രകൃതിക്കുമിത്ര സൗന്ദര്യമുണ്ടെന്ന്..!
കുടുംബത്തിന്റെ മനസ്സിലേക്കിറങ്ങിവന്നപ്പോള്‍..
ജീവിതത്തിനെന്തു മധുരം..
അയല്‍വീട്ടില്‍ നിന്ന് വിലാപം ഉയര്‍ന്നപ്പോള്‍..
മനസ്സ് മന്ത്രിച്ചു ഇനി യാത്രക്കൊരുങ്ങിക്കൊള്‍ക..!

- അബ്ദുല്‍ ഹമീദ് കെ.പുരം
(*കവിക്കഥ=കവിത+കഥ)

No comments:

Post a Comment