ഇനി എനിക്ക് വയ്യ...
- അബ്ദുല്‍ ഹമീദ് കെ.പുരം
പിച്ച വെക്കുന്ന കാലത്ത് അവള്‍ പിടിച്ചു നിന്നത് വീട്ടിന്റെ പൊട്ടിപ്പൊളിഞ്ഞ ചുമരിലാണ്. കാരണം ഉമ്മക്ക് അടുത്തവീട്ടിലെ പാത്രങ്ങള്‍ വീഴാതെ സൂക്ഷിക്കേണ്ടതുണ്ടായിരുന്നു.
ബാല്യത്തില്‍ അവളുടെ ചോറുപാത്രത്തിന് ഭാരം കുറവായിരുന്നു. ഇടക്ക് മാത്രം എരിയുന്ന അടുപ്പിലെ പാത്രത്തില്‍ നിന്ന് കനമുള്ള വിഭവങ്ങളുടെ ഗന്ധം ഉയര്‍ന്നിരുന്നില്ല.
കോരിച്ചൊരിയുന്ന മഴ ഉറക്കമിളക്കാന്‍ പഠിപ്പിച്ചു. ചോര്‍ന്നൊലിച്ച വെള്ളം തുടച്ചുമാറ്റിയതിന് ശേഷമേ വീണ്ടും ഉറങ്ങാനായുള്ളൂ..
തറയിലെ തണുപ്പ് പതുപതുത്ത മെത്തക്ക് പകരമായിരുന്നു. അങ്ങിങ്ങ് കീറിയ പുതപ്പ് പ്രഭാതത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തിയില്ല.
അസുഖങ്ങളെ മരുന്നുകള്‍ ശല്യപ്പെടുത്തിയില്ല. സഹനം വേദനയെ കീഴ്‌പ്പെടുത്തി.
മനസ്സിന്റെ ഭാരം സ്‌കൂള്‍ ബാഗിന് അനുഭവപ്പെട്ടില്ല. അയലത്തെ വീട്ടിലെ പഴയ പുസ്തകങ്ങളുടെ ഒരു പാട് പേജുകള്‍ ആദ്യമേ നഷ്ടമായിരുന്നു.
പഠിച്ചതൊന്നും വീണ്ടും പഠിക്കേണ്ടി വന്നില്ല. പഠന താത്പര്യം ഗുരുവായി മാറി.
വരച്ച ചിത്രങ്ങളൊക്കെ ഭംഗിയുള്ളതായിരുന്നു. പത്രങ്ങളോ, ചാനലുകളോ അറിയാത്തതുകൊണ്ട് ആരും ശ്രദ്ധിച്ചില്ല.
കാശില്ലാത്തതുകൊണ്ട് കൂട്ടുകാരുണ്ടായില്ല. കൂട്ടിന് മുറ്റത്ത് നല്ല ചെടികള്‍ വളര്‍ത്തി. പുഞ്ചിരിക്കുന്ന പൂക്കള്‍ ഏകാന്തതയകറ്റി.
പിതാവില്ലാതെ വളര്‍ന്നത് അവളുടെ പ്രശ്‌നമായിരുന്നില്ല; എങ്കിലും കുടുംബത്തിലാരോ അവളെ അനാഥ മന്ദിരത്തിലെത്തിച്ചു.
''ബാപ്പയില്ലാത്ത കുട്ടിയല്ലേ...!!''
കൗമാരത്തില്‍ നിനച്ചിരിക്കാതെ സ്വപ്നങ്ങള്‍ വിരുന്നെത്തി. മനസ്സ് പടര്‍ന്ന് കയറാന്‍ വെമ്പിയപ്പോള്‍ കുടുംബക്കാരൊരു തുണ കൊടുത്തു.
മധു നഷ്ടപ്പെട്ടപ്പോഴാണറിയുന്നത് അയാള്‍ ഈ രാജ്യത്തെ പൗരനല്ലത്രെ..!!
മനസ്സ് അസ്വസ്ഥമായപ്പോള്‍ മുറ്റത്തേക്കിറങ്ങി. കൂട്ടിരുന്ന ചെടികള്‍ ആരും നോക്കാനില്ലാതെ വാടിക്കരിഞ്ഞിരുന്നു...
മനസ്സ് പിറുപിറുത്തു... ഇനി എനിക്ക് വയ്യ...!!!
